മ്യാവു.
ബാലന്‍ ആ ശബ്ദം കേട്ടപ്പോള്‍ അവന്‍റെ തല മുക്കാലും ചവറുകൂനയ്ക്കുള്ളിലായിരുന്നു.
ബാലന്‍, അഥവാ എല്ലാവരും വിളിക്കുന്നത് പോലെ ബാലന്‍സ്. ബാലന്‍ ഒരു കണ്ടന്‍ പൂച്ചയാണ്. ചാര നിറം. മിനുസമുള്ള രോമങ്ങള്‍. പുറത്തു മൂന്ന് കറുത്ത വരകള്‍. അതേ പോലെ വാലിലും മൂന്ന് വരകള്‍. ഇതാണ് ബാലന്‍ കാഴ്ചയില്‍.
ബാലന്‍ ഒരു വീട്ടിലേയും സ്ഥിരം ആളല്ല. ബാലന്‍റെ ഭാഷയില്‍ പൊതുസ്വത്ത്. മിക്കവാറും സുഹൃത്ത് വാലനോടൊപ്പം നടക്കുന്നത് കാണാം. അല്ലെങ്കില്‍ മീന്‍കാരി മറിയേടെ പിന്നാലെ. അതുമല്ലെങ്കില്‍ ഭക്ഷണം തപ്പി ഏതെങ്കിലും ചവറുകൂന ചികയും.
ഇന്നും അതെ. രാവിലെ മുതല്‍ വിശന്നലഞ്ഞ ബാലന്‍ ഒരു മീന്‍മണം പിടിച്ചു ചവറ്റുകൂനയില്‍ തലയിട്ടു.
മ്യാവു! കൂടുതല്‍ ശക്തമായ കരച്ചില്‍.
പൂച്ച തന്നെയാണോ ഇത്? അതും ആലോചിച്ചുകൊണ്ട് കിട്ടിയ മീന്‍തലയും കടിപിടിച്ചു ബാലന്‍ തല വെളിയിലേക്ക് വലിച്ചു.
മുന്നില്‍ നിന്ന പേക്കോലത്തെ നോക്കി ബാലന്‍ കണ്ണുചിമ്മി. കാരണം മുന്നില്‍ നിന്നത് ബാലന്‍റെ നിഘണ്ടു പ്രകാരം ഒരു പൂച്ചയേയല്ലായിരുന്നു.
പൂച്ചയുടെ ആകൃതിയൊക്കെയുണ്ട്. പൂച്ചയേ പിടിച്ചു വെയിലത്തിട്ടു ഉണക്കിയതുപോലെ. നല്ല തവിട് നിറം. മുഖവും കൈകാലുകളുടേയും വാലിന്‍റെയും അറ്റം കറുത്തുകരിഞ്ഞിരിക്കുന്നു. ഒരു മാതിരി കത്തിത്തീര്‍ന്ന തീപ്പെട്ടികൊള്ളികളില്‍ കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ.
മ്യാവു. വീണ്ടും ദീനരോദനം.